സെക്രട്ടേറിയറ്റ് സര്വ്വീസിനെ സംരക്ഷിക്കുക
പ്രദീപ് കുമാര്, ജനറല് സെക്രട്ടറി
സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പും ധനകാര്യ വകുപ്പും ഉള്പ്പെടെ മുപ്പത് വകുപ്പുകളില് കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് നടപ്പിലാക്കുവാനുള്ള ഇടതു സര്ക്കാരിന്റെ നീക്കം അഴിമതിരഹിതവും കാര്യപ്രാപ്തിയുമുള്ള ഒരു സംവിധാനത്തെ തകര്ക്കുന്നതാണ് എന്നതില് സംശയമില്ല.
സംസ്ഥാനം രൂപീകൃതമായതു മുതല് മാറിമാറി വരുന്ന സര്ക്കാരുകള്ക്ക് തങ്ങളുടെ നയം നിഷ്പക്ഷവും നീതിയുക്തവുമായി നടപ്പിലാക്കുവാനുള്ള ഏറ്റവും മികച്ച സംവിധാനമായാണ് സെക്രട്ടേറിയറ്റിനെ കണ്ടുവന്നിട്ടുള്ളത്.
എന്നാല് തൊഴിലാളി വര്ഗ്ഗ പ്രസ്ഥാനം എന്ന് അഹങ്കരിക്കുന്ന ഇടതുമുന്നണി അധികാരത്തില് വന്നിട്ടുള്ള കാലങ്ങളില് ഒളിഞ്ഞും തെളിഞ്ഞും സെക്രട്ടേറിയറ്റ് സംവിധാനത്തെ തകര്ക്കുന്ന നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലൊന്നും തന്നെ സെക്രട്ടേറിയറ്റ് സര്വ്വീസിനെ സംസ്ഥാന ഭരണ സര്വ്വീസില് ഉള്പ്പെടുത്തിയിട്ടില്ല. 2016 ലെ പൊതുതെരഞ്ഞെടുപ്പില് അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് രൂപീകരണം ഒരജണ്ടയാക്കിക്കൊണ്ടുവന്നപ്പോള് അത് കേരളാ ഫൈനാന്സ് സെക്രട്ടേറിയറ്റ് അസോസിയേഷന് ചൂണ്ടിക്കാണിച്ചിരുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസില് സെക്രട്ടേറിയറ്റിനെ ഉള്പ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ പഠനങ്ങളോ ചര്ച്ചകളോ നടത്തിയിട്ടില്ല.
എന്നത് ഒരു യാഥാര്ത്ഥ്യമായി നിലനില്ക്കെ അടിയന്തിരമായി കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് രൂപീകരിക്കുന്നതിനും അതില് സെക്രട്ടേറിയറ്റിനെ ഉള്പ്പെടുത്തുന്നതിനും രാഷ്ട്രീയ ഭരണതലങ്ങളില് വ്യക്തമായ ധാരണ ഉണ്ടാക്കി എന്നു വേണം കരുതാന്. അഴിമതി ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത സെക്രട്ടേറിയറ്റ് സര്വ്വീസ് അഴിമതിയുടെ വിളനിലമാക്കുന്നതിനു മാത്രമേ നിര്ദ്ദിഷ്ട കെ.എ.എസ്. കൊണ്ട് കഴിയൂ.
അല്ലാതെ ഉയര്ന്ന തലത്തില് ഒരു പ്രത്യേക കേഡര് സൃഷ്ടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം മാത്രമേ ഉണ്ടാക്കുവാന് കഴിയൂ എന്നത് ആര്ക്കും മനസിലാക്കാവുന്ന കാര്യമാണ്.
നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്ത്തിക്കുന്ന ഒരു സര്വ്വീസ് എന്ന നിലയ്ക്കും മറ്റു പ്രലോഭനങ്ങളില്ലാതെ സ്വതന്ത്രമായി അഭിപ്രായങ്ങള് എഴുതുവാനുള്ള സാഹചര്യവും ഉള്ളതുകൊണ്ടുമാണ് മറ്റുപല സര്ക്കാര് ജോലികള് ഉപേക്ഷിച്ച്, ഉന്നത യോഗ്യതയുള്ള മിടുക്കന്മാരും മിടുക്കികളും സെക്രട്ടേറിയറ്റ് സര്വ്വീസിലേക്ക് കടന്നുവന്നിട്ടുള്ളത്. ചെറുപ്പക്കാരെ സര്വ്വീസിന്റെ ഉന്നത സ്ഥാനങ്ങളില് കൊണ്ടുവരാന് എന്ന രീതിയില് വിഭാവനം ചെയ്യുന്ന കെ.എ.എസില് ഫലത്തില് അതിന്റെ ഉദ്ദേശിച്ച ഫലം ലഭ്യമാക്കാന് കഴിയില്ല എന്ന് ഇപ്പോള് പറയുന്ന രീതിയിലുള്ള റിക്രൂട്ട്മെന്റ് സംവിധാനം പരിശോധിച്ചാല് മനസിലാകും. സെക്രട്ടേറിയറ്റിനെ ഉള്പ്പെടുത്തിയതിലൂടെ കേരള സെക്രട്ടേറിയറ്റ് ജീവനക്കാര് നാളിതുവരെ അനുഭവിച്ചു വരുന്ന സേവന-വേതന വ്യവസ്ഥകള് അട്ടിമറിക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. കേവലം രാഷ്ട്രീയമായ ഒരു കോണില് നിന്ന് ഇതിനെ കാണാതെ യോജിച്ച ഒരു പ്രക്ഷോഭ മാര്ഗ്ഗമാണ് നമുക്ക് മുന്പിലുള്ളത്. 2002 -ല് അന്നത്തെ യു.ഡി.എഫ്. സര്ക്കാര് ജീവനക്കാര്ക്കെതിരെ ചില നടപടികള് എടുത്തപ്പോള് ഭരണകക്ഷി സംഘടനയായിരുന്നിട്ടുപോലും അതിനെ എതിര്ത്തു തോല്പിക്കുന്നതിന് കേരള ഫൈനാന്സ് സെക്രട്ടേറിയറ്റ് അസോസിയേഷനും ആക്ഷന് കൗണ്സിലിനും കഴിഞ്ഞു എന്നത് അഭിമാനത്തോടെ ഈ ഘട്ടത്തില് ഓര്മ്മിപ്പിക്കുന്നു. അതിനേക്കാള് മോശമായ ഒരു സാഹചര്യമാണ് സെക്രട്ടേറിയറ്റ് സര്വ്വീസ് ഇന്ന് നേരിടുന്നത്.
ഇപ്പേള് യോജിച്ചു നില്ക്കുവാന് നമുക്ക് കഴിയണം.
സെക്രട്ടേറിയറ്റ് സര്വ്വീസിനെ സംരക്ഷിക്കേണ്ടത് ഓരോ സെക്രട്ടേറിയറ്റ് ജീവനക്കാരന്റെയും കടമയാണ് എന്നു മനസിലാക്കി ഒരു യോജിച്ച പ്രക്ഷോഭത്തിന് സെക്രട്ടേറിയറ്റിലെ ജനാധിപത്യ സര്വ്വീസ് സംഘടനകള് ഒന്നിച്ചു നിന്നില്ലാ എങ്കില് ചരിത്രം ഒരിക്കലും നമുക്ക് മാപ്പ് നല്കില്ല. സെക്രട്ടേറിയറ്റ് സര്വ്വീസിനെ കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസില് നിന്ന് ഒഴിവാക്കുന്നതു വരെ തുടര് പ്രക്ഷോഭ പരിപാടികളില് എല്ലാവരും ഒരുമിച്ചു നില്ക്കണമെന്ന് മാത്രം ഒരിക്കല്ക്കൂടി അഭ്യര്ത്ഥിക്കുന്നു.
No comments:
Post a Comment